മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും എട്ടിന് ആഘോഷിക്കും.
പ്രധാന തിരുനാൾദിനമായ എട്ടിനു രാവിലെ ആറിനും ഏഴിനും ഉച്ചയ്ക്ക് 12നും ഉച്ചകഴിഞ്ഞ് മൂന്നിനും ഏഴിനും ദിവ്യബലി. 9.30ന് തിരുനാൾകുർബാനയിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും. 100 വൈദികർ സഹകാർമികരാകും.
രാവിലെ 8.30ന് നേർച്ചഭക്ഷണ വെഞ്ചരിപ്പും തുടർന്ന് രാത്രി എട്ടുവരെ വിതരണവും നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനുള്ള ദിവ്യബലിയെത്തുടർന്ന് തിരുശേഷിപ്പു വഹിച്ചുകൊണ്ടുള്ള തിരുനാൾപ്രദക്ഷിണം.
കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ പാർക്കിംഗിനു വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. വോളന്റിയേഴ്സും പോലീസും ഉൾപ്പെടെ ഗതാഗതക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.
ഇന്നലെ തിരുനാളിനുള്ള നേർച്ച തയാറാക്കൽ നടന്നു. കഴിഞ്ഞ ദിവസം വിവിധ വകുപ്പുമേധാവികളുടെ യോഗംചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.
തിരുനാളിനുള്ള ക്രമീകരണങ്ങൾ ആഘോഷ കമ്മിറ്റി ചെയർമാൻ മോൺ. ആന്റു ആലപ്പാടൻ, റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഹോളിഫാമിലി സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ, ജനറൽ കൺവീനർ അജീഷ് ചക്കാലമറ്റത്ത് പള്ളൻ എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.